ആടുജീവിതം !.. അല്ല.. ഒരു മനുഷ്യൻ ആടായ കഥ.. !

ആടുജീവിതം ! ഒറ്റ  വാക്കിൽ പറഞ്ഞാൽ, ഒരു മനുഷ്യന്റെ മരുഭൂമി ജീവിതം..! താൻ അനുഭവിച്ച കഷ്ടപ്പാടുകളുടെയും സഹനത്തിന്റെയും പീഡനത്തിന്റെയും പച്ചയായ ജീവിതാവിഷ്കാരം  ആണ്  നജീബ് എന്ന നാട്ടുമ്പുറത്തുകാരൻ ആടുജീവിതം എന്ന കഥയിലൂടെ നമ്മുക്ക് മുന്നിൽ തുറന്നു വെക്കുന്നത്.. 

ഒരു മനുഷ്യൻ ആടായി മാറിയത്തിന്റെ  കഥ ആണ് ബെന്യാമിൻ എന്ന എഴുത്തുകാരൻ  നമ്മുക്ക് മുന്നിൽ അവതരിപ്പിചത്..നാം അനുഭവികാത്ത ജീവിതങ്ങൾ  നമ്മുക്ക് വെറും കെട്ടുകഥകൾ  മാത്രമാണ്..!
മരുഭൂമിയിൽ ദാഹിച്ചു മരിച്ച ഒരുകൂട്ടും മനുഷ്യരുടെ ജീവിതം ഈ  ഒറ്റ  കഥയിലൂടെ പറഞ്ഞു  പോകുമ്പോളും ഈ പുസ്തകത്തിന്റെ ഓരോ താളിലും ഉണ്ട് മരുഭൂമിയുടെ കൊടും ചൂടും പൊടി കാറ്റും കൊണ്ട് ഒരിറ്റു വെള്ളം കിട്ടാതെ പട്ടിണി കിടന്നു ദിവസങ്ങളും മാസങ്ങളും തള്ളി നീക്കിയ ഒരു സാധു മനുഷ്യന്റെ വിയർപ്പിന്റെ ഗന്ധം.. തന്റെ ശരീരത്തിൽ നിന്ന് പൊടിഞ്ഞ ചോരയുടെ ഗന്ധം.. എല്ലാറ്റിനും ഉപരിയായി ഒരു നജീബ്  എന്ന ആടിന്റെ ഗന്ധം..!

ഈ മരുഭൂമി കഥ തുടങ്ങുന്നതും സ്ഥിരം കേട്ടു പഴകിയ ഒരു ദാരിദ്ര്യ കുടുംബത്തിന്റെ നടുവിൽ നിന്ന് തന്നെ.. പട്ടിണിയും ദാരിദ്ര്യവും ഓരോ മനുഷ്യരെ കൊണ്ടെത്തിക്കുന്നത് എന്തും  ചെയ്യാൻ മനകരുത്തുള്ള ഒരു മാനസിക അവസ്ഥിയിലേക്കാണ്.. ഇവിടെ നജീബിനെ കൊണ്ടുചെന്ന് എത്തിച്ചതും അതെ അവസ്ഥയിൽ തന്നെ.. തന്റെ കുടുംബത്തെ കരക്കെയറ്റാൻ എല്ലാ മനുഷ്യരും ചിന്തിക്കുന്നപോലെ ലോകത്തിന്റെ അക്കരെ കിടക്കാൻ നജീബും തീരുമാനിച്ചു..പക്ഷേ ''പാവങ്ങളുടെ പടച്ചോനായ ഗൾഫ് '' നജീബിനെ വരവേറ്റത്‌  ആരെയും കൊതിപ്പിക്കുന്ന ഒരു പുതിയ ജീവിതത്തിലേക്ക് ആയിരുന്നില്ല.. ഒരുപക്ഷേ കാലം തനിക്കു കാത്തുവെച്ച ഒരു വിധി ആയിരുന്നു നജീബിന് തന്റെ മരുഭൂമി ജീവിതം..ഒരുപാട് പ്രതീക്ഷകളുമായി നജീബ് ഗൾഫിലേക്ക്   പറക്കുമ്പോൾ ഒരിക്കലും ഓർത്ത് കാണില്ല ഇനിയുള്ള തന്റെ ജീവിതത്തിൽ താൻ നേരിടാൻ പോകുന്നത് ഒരു മനുഷ്യനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കുറേ ദിനങ്ങളും രാത്രികളും ആയിരുന്നു എന്ന്.. 

ഒന്നാം ഇറാഖ് യുദ്ധം ഗൾഫ് മേഖലയിൽ ഉയർത്തിയ അശാന്തിയുടെ പൊടിപടലങ്ങൾ ഏതാണ്ട് അവസാനിച്ച കാലം ആയിരുന്നു അത്..ജോലി സാധ്യതകൾ വർധിച്ചു വന്നിരുന്ന കാലഘട്ടം..ഒരു ശരാശരി മലയാളി ആഗ്രഹിക്കുന്ന എല്ലാ സ്വപ്നങ്ങളും നെഞ്ചിലേറ്റി നജീബ് തന്റെ കുടുംബത്തിനോട് യാത്ര പറഞ്ഞു..സിനിമയിലും വാർത്തകളിലും മാത്രം കണ്ടു പരിചയമുള്ള ഗൾഫിനെ പറ്റി നജീബിന്റെ മനസ്സിൽ ഒരു വലിയ ലോകം തന്നെ ഉണ്ടായിരുന്നു.. എണ്ണിയാൽ തീരാത്ത അത്രേം കെട്ടിടങ്ങൾ, നീണ്ടു നിവർന്നു ഒരു അവസാനം ഇല്ലാതെ കിടക്കുന്ന മരുഭൂമികൾ , വെള്ള വസ്ത്രം അണിഞ്ഞു നടക്കുന്ന ഒരുകൂട്ടം അറബികൾ അങ്ങനെ ഒരു വലിയ ലോകം തന്നെ നജീബ് തന്റെ മനസ്സിൽ നെയ്‌തുകൂട്ടിയിരുന്നു ഗൾഫിനെ പറ്റി.. 

സ്വപ്നം  കണ്ടിരുന്നതിനേക്കാളും വലിയ ഒരു അത്ഭുത ലോകത്തിലേക്കാണ് നജീബും  നജീബിന്റെ ഒപ്പം നാട്ടിൽ നിന്ന് വന്ന ഹക്കീമും വിമാനമിറങ്ങിചെന്നത്.. 
അവരെ സ്വീകരിക്കാൻ ഒരു മനുഷ്യരും ഇല്ലായിരുന്നു അവിടെ.. ഒടുവിൽ ഒരു അറബി അവരെ സ്വീകരിച്ചു കൊണ്ടുപോയി.. ഒരുപക്ഷേ ആ അറബിക്ക് ഉദ്ദേശിച്ച ആളുകളെ തന്നെയാണോ കിട്ടിയത് എന്ന സംശയം  പോലും കഥ മുന്നോട്ടു വെക്കുന്നു..ആ അറബി അവരേം കൂട്ടി യാത്ര ആരംഭിച്ചു.. എങ്ങോട്ടു എന്ന ചോദ്യത്തിനു  അവർക്കു മറുപടി കൊടുക്കാതെ  അറബി അവരെ കൂട്ടി നീളം കൂടിയ ഒരു തുറന്ന വണ്ടിയിൽ യാത്ര ആരംഭിച്ചു..ഗൾഫിന്റെ മനോഹാരിത തെല്ലും ചോരാതെ അവര്  ആ യാത്രയിൽ ആസ്വദിച്ചു.. 
 എന്നാൽ വിധി അവർക്ക്  കരുതിവെച്ചത് മറ്റൊരു ലോകം ആയിരുന്നു..ആരും കാണാൻ ആഗ്രഹിക്കാത്ത ഒരു വലിയ ലോകം..! 
കൂടെ കൂട്ടീയ അറബിനെ അവര് അർബാബ് എന്ന് വിളിച്ചു.. പോകുന്ന 
 വഴി ഹക്കിമിനെ ഒരു സ്ഥലത്തു ഇറക്കി.. നജിബിന്റെ യാത്ര പിന്നേം  തുടർന്ന്.. ഒടുവിൽ അവനെ കൊണ്ടുപോയി ഇറക്കിയ സ്ഥലം ഒരു മസറ ആയിരുന്നു.. നിറയെ ആടുകൾ നിറഞ്ഞ വിജനമായ ഒരു വലിയ മരുഭൂമിയുടെ നടുവിൽ ആയിരുന്നു ആ സ്ഥലം.. നൂറുകണക്കിന് ആടുകളും ചെമ്മരിയാടുകളും ഉള്ള ഒരു വലിയ മസറ.. ചുറ്റും ഒരു ആൾ താമസം പോലും ഇല്ലാത്ത വിജനമായ മരുഭൂമി.. ഒടുവിൽ നജീബിന് മനസ്സിലായി വലിയ ഓഫീസും കൈ നിറയെ ശമ്പളവും മോഹിച്ചു വന്ന തന്റെ യഥാർത്ഥ ജോലി എന്തെന്ന്.. അതേ , ആ മസറയിലെ നൂറു കണക്കിന് ആടുകളുടെ  കാവൽക്കാരൻ.. ചുരുക്കി പറഞ്ഞാൽ ബൈബിളിൽ പറയുന്ന   ഒരു ആട്ടിടയൻ..! അവറ്റകൾക്ക് തീറ്റയും വെള്ളവും കച്ചിയും ഒപ്പം അവറ്റകളെ  മെയിക്കാൻ കൊണ്ടുപോകലും ആണ് തന്റെ ജോലി..
തന്റെ അവസ്ഥ അറിഞ്ഞപ്പോൾ താൻ പറ്റിക്കപ്പെട്ടു എന്ന് ഒരു നിമിഷം അവൻ ഓർത്ത്  കാണും... കിടക്കാൻ ഒരു ഇടം പോയിട്ടു തല ചായിക്കാൻ ഒരു കട്ടില് പോലും ഇല്ലായിരുന്നു അവന് .. ആകെ ഉണ്ടായിരുന്നത് ആ മരുഭൂമിയിൽ ഒരു കട്ടിൽ മാത്രം ആയിരുന്നു.. അതില്  മുമ്പേ തന്നെ ഒരാള് സ്ഥാനം പിടിച്ചിരുന്നു..നജീബ് ആ കാട്ടിലിലേക്ക് ഒന്ന് നോക്കി.. എന്തോ ഒരു ഇരട്ടു പോലെ ആണ് അവനു തോന്നിയത്.. തട്ടി വിളിച്ചു നോക്കുമ്പോൾ താടിയും മുടിയും വളർത്തി ശരീരം മുഴുവൻ ജീർണിച്ചു പോലെ  ഒരു അസ്ഥിക്കുടം എന്ന് തോന്നിക്കുന്ന ഒരു ജീവനുള്ള മനുഷ്യ രൂപം ആയിരുന്നു അത്..ശരീരം ആസകലം പൊറ്റ പോലെ പറ്റിപ്പിടിച്ചു ഒരു വൃത്തികെട്ട രൂപം.. ശരിക്കും പറഞ്ഞാൽ ഒരു ആടിന്റെ മനുഷ്യ ജന്മം.. കുളിച്ചിട്ടു മാസങ്ങളും വർഷങ്ങളും ആയെന്നു ആ മനുഷ്യന്റെ അടുത്ത് നിന്നുള്ള ഗന്ധം കൊണ്ട് നജീബിന് മനസ്സിലായി.. തന്നെ പോലെ തന്നെ  പറ്റിക്കപ്പെട്ടു  വർഷങ്ങൾക്കു മുമ്പ് ഈ മസറയിൽ വന്നു പെട്ടു പോയ ഒരാള് ആണ് അതെന്ന് മനസിലാക്കാൻ 
നജീബിന് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.. ആ മനുഷ്യന്റെ രൂപം തന്നെ അതിനു ഒരു ഉത്തരം ആയിരുന്നു..പിന്നീട് അങ്ങോട്ടുള്ള നജീബിന്റെ ഓരോ ദിനങ്ങളും മാസങ്ങളും വർഷങ്ങൾക്കും  അളന്നാൽ തീരാത്തത്ര മരുഭൂമിയുടെ നീളം ഉണ്ടായിരുന്നു..!

പിന്നിടുള്ള നജീബിന്റെ ജീവിതം ഒരു ആട് ജീവിതം തന്നെ ആയിരുന്നു.!!

കഴിക്കാൻ വെറും പച്ചവെള്ളവും കുബ്ബൂസ്സും.. അതും വയറു നിറയാൻ മാത്രം ഇല്ലാതാനും.. കുളിക്കാനോ മറ്റു ആവശ്യങ്ങൾക്കോ ഒരു തുള്ളി വെള്ളം എടുത്താൽ കിട്ടും പൊതിരെ തല്ലു അർബാബിന്റെ കൈയ്യിൽ നിന്ന്... മരുഭൂമിടെ വെള്ളം ആടുകൾക്ക്..ആടുകൾക്ക് മാത്രം.. അതായിരുന്നു   അർബാബിന്റെ കല്പ്പന.. കുടിക്കാൻ അല്ലാതെ കുളിക്കാനോ മറ്റു ആവശ്യങ്ങൾക്ക് ഒരു തുള്ളി വെള്ളം എടുത്താൽ അന്നത്തെ നജീബിന്റെ കാര്യം പോക്കാണ്.. താൻ കണ്ട ആ മനുഷ്യൻ എങ്ങനെ ഒരു ആടായി എന്ന് നജീബിന് ഏറെക്കുറെ മനസിലായി.. ആകെ കിട്ടിയത് മുഷിഞ്ഞ ഒരു വസ്ത്രം ആയിരുന്നു.. അതായിരുന്നു പിന്നീട് അങ്ങോട്ടുള്ള നജീബിന്റെ സമ്പാദ്യം.. കുളിക്കാനോ പല്ല് തേക്കാനോ വസ്ത്രം അലക്കാനോ പിന്നീട് നജീബിന് ബുദ്ധിമുട്ടേണ്ടി വന്നില്ല.. കാരണം പിന്നീട് അതെല്ലാം ഇനി  എന്തിനു വേണ്ടി എന്ന് ആലോചിച്ചു പോയ ദിവസങ്ങൾ ആയിരുന്നു.. ശരിക്കും കൂടെ ഉണ്ടായിരുന്ന മനുഷ്യനെ പോലെ ഒരു ആടായി മാറുകയായിരുന്നു നജീബ്..പിന്നിടുള്ള കാലം പുറംലോകം കാണാതെ തന്റെ വീട്ടുകാരെ പറ്റിയും ഗർഭിണി ആയ തന്റെ ഭാര്യയയെ പറ്റിയും അറിയാതെ ആ മരുഭൂമിയുടെ ആട്ടിടയൻ ആയി.. കൂട്ടിനു ഉണ്ടായിരുന്നത് ആ മനുഷ്യനും, കുറെ ആടുകളും പിന്നെ തന്നെ തക്കം കിട്ടിയാൽ പൊതിരെ തല്ലാൻ വരുന്ന അർബാബ്  മാത്രം  ആയിരുന്നു..പിന്നെ ആഴ്ചയിൽ നിത്യ സന്ദർശകരയായി ട്രക്കിൽ വെള്ളവും കച്ചിയും കൊണ്ടുവരുന്ന മറ്റൊരു അറബി.. ഇതുമാത്രം ആയിരുന്നു  നജീബിന്റെ ലോകം... എന്നാൽ ഒരു ദിവസം നജീബ് എഴുന്നേറ്റപ്പോൾ തന്റെ കൂടെ ഉണ്ടായിരുന്ന ആ മനുഷ്യനെ കാണ്മാനില്ല.. ആ പരിസരം മുഴുവനും നോക്കി.. കണ്ടില്ല.. അവസാനം അവൻ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു എന്ന് നജീബിന് മനസിലായി.. പിന്നീട് അങ്ങോട്ടു അവന്റെ ജോലി ഭാരം കൂടി.. പിന്നീട് അങ്ങോട്ടുള്ള അവന്റെ ജീവിതം കൂടുതൽ ദുർബലം ആയിരുന്നു.. ഓരോ ദിനവും കഴിയുന്തോറും നജീബിന്റെ മനുഷ്യ കോലത്തിൽ നിന്ന്  ഒരു ആടായി  മാറിക്കൊണ്ട് ഇരുന്നു.. പലതവണ അർബാബിന്റെ പക്കൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചേലും എല്ലാം പരാജയപ്പെട്ടു എന്ന് മാത്രമല്ല നല്ല അടിയും ചവിട്ടും കിട്ടി.. എന്നാൽ ഒരു ദിവസം രണ്ടും കല്പിച്ചു നജീബ് ഒരു ഓട്ടം വെച്ച് കൊടുത്തു.. പോകുന്ന വഴിക്കു തന്നെ കൂടുതൽ ഭയപ്പെടുത്തിയ മറ്റൊരു കാഴ്ച അവൻ കണ്ടു.. മണലിന്റെ അടിയിൽ നിന്ന് ഒരു മനുഷ്യന്റെ മൃതദേഹം പോലെ ഒന്ന്..നോക്കുമ്പോൾ പണ്ട് രക്ഷപെട്ടു ഓടിയെന്നു കരുതിയ ആ മനുഷ്യന്റെ ശരീരം.. അത്‌ കണ്ടതും നജീബ് തിരിച്ചു അർബാബിന്റെ അടുത്ത് വന്നു കാലുപിടിച്ചു കരഞ്ഞു പറഞ്ഞു തന്നെ കൊല്ലല്ല് ഇനി രക്ഷപെടാൻ ശ്രമിക്കില്ല എന്ന് പറഞ്ഞു കരഞ്ഞു..

ദിനങ്ങളും മാസങ്ങളും വർഷങ്ങളും കിടന്നു പോയി.. ഒരു ദിവസം തന്റെ ഒപ്പം നാട്ടിൽ നിന്ന് വന്ന ഹക്കീമിനേം അവന്റെ കൂടെ  തന്നെ ജോലി ചെയ്തിരുന്ന ഹമീദും കണ്ടുമുട്ടി.. അവരും ആ മരുഭൂമിയുടെ മറ്റൊരു അറ്റത്തുള്ള മസറയിൽ ആയിരുന്നു ജോലി ചെയ്തിരുന്നെ.. കുറെ കാലത്തിനു ശേഷം നജീബ് ഹക്കീമിനെ കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു..ഒടുവിൽ ഒരു ദിനം അവർക്കു വന്നെത്തി.. രക്ഷപെടാൻ ഇതിലും നല്ലൊരു അവസരം ഇല്ലെന്നു അവര് മനസ്സ് കൊണ്ട് ഉറപ്പിച്ചു അർബാബ് ഇല്ലാത്ത ഒരു രാത്രി നോക്കി മൂവരും രക്ഷപ്പെട്ടു.. വഴിയേത് ദിശയേത് എന്ന് അറിയാതെ അർബാബ് അന്വേഷിച്ചാൽ കണ്ടെത്താത്ത അത്രേം ദൂരം അവര് ഓടി.. ഇനി ഒരിക്കലും ഒരു മടങ്ങി വരവ് ഇല്ലാത്ത ആ മസറയോടും തന്റെ ആടുകളോടും യാത്ര പറഞ്ഞു ഓടുമ്പോൾ നജീബ് ഒരിക്കൽ എങ്കിലും ചിന്തിച്ചു കാണും വർഷങ്ങൾ തന്നെ നരകപ്പിച്ച ആ മരുഭൂമിയിലേക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടായാൽ പിന്നീട് തന്റെ ജീവിതം താൻ തന്നെ അവസാനിപ്പിക്കും എന്ന്..അത്രെയും കഷ്ടപ്പെട്ട് കാത്തിരുന്ന ഒരു ദിനം ആയിരുന്നു അത്.. അവര് ഓടി ഓടി ആരും കണ്ടെത്തിപെടാത്ത അത്രേം ദൂരം അവര് എത്തി കഴിഞ്ഞിരുന്നു..

പക്ഷേ വിധി അവിടേം അവർക്ക് കാത്തുവെച്ചത് മറ്റൊന്നായിരുന്നു.. അളന്നാൽ തീരാത്തത്രേം നീണ്ടു കിടക്കുന്ന മരുഭൂമിയിൽ അവര് വഴി അറിയാതെ ഒരുപാട് അലഞ്ഞു..ഓരോ പകലും രാത്രിയും കിടന്നു പോകുമ്പോൾ എവിടെയെന്നു അറിയാതെ.. ഇനി എങ്ങോട്ടെന്ന് അറിയാതെ.. ഇനിയും എത്ര ദൂരം എന്ന് അറിയാതെ അവര് ആ മരുഭൂമിയിൽ കിടന്നു പിടഞ്ഞു.. ഒരിറ്റു വെള്ളം കിട്ടാതെ അവര് ആ കൊടും ചൂടിൽ തളർന്നു വീണു.. ഇനിയും മുന്നോട്ടു പോകാൻ പറ്റില്ല എന്ന അവസ്ഥയിൽ അവര് ആ മരുഭൂമിയിൽ കുഴഞ്ഞു വീണു.. എന്നാൽ കാലം  വിധിയുടെ വേഷത്തിൽ വീണ്ടും അവരെ പിന്തുടർന്ന്.. ആ ഒരു പകൽ, മരുഭൂമിയുടെ ചൂട് നിറഞ്ഞ  പൊടികാറ്റു വീശി അവരെ മറിക്കിടന്നു പോകുമ്പോൾ കൂടെ കൂട്ടിയത്  ഹക്കീംമിന്റെ ജീവൻ ആയിരുന്നു.. ഒരിറ്റു വെള്ളവും ഭക്ഷണവും കിട്ടാതെ ഒരു ചുവടു പോലും നടക്കാൻ പറ്റാതെ ആ മരുഭൂമിയിൽ കിടന്നു മരിച്ച നൂറു കണക്കിന് ആളുകൾടെ  എണ്ണത്തിൽ അന്ന് ഹക്കീംമും ഉൾപ്പെട്ടിരുന്നു..

പടച്ചോന്റെ വിധിയെന്നു സ്വയം പഴിച്ചു കൊണ്ട് തന്റെ  പ്രിയപ്പെട്ട ഹക്കീംമിന്റെ ശരീരം മരുഭൂമിയുടെ മണ്ണിൽ ഉപേക്ഷിച്ചു അവര് ഉള്ള ജീവനും കൊണ്ട് എത്തിപ്പെടാവുന്നതിന്റെ അത്രേം കാതങ്ങൾ താണ്ടി.. ഒടുവിൽ അവരുടെ പ്രാർത്ഥനയുടെ  ഫലം എന്നപോലെ ആ മരുഭൂമിയുടെ ഒരു അറ്റത്തു  ഒരു ജലസ്രോദസ്സ്  പടച്ചോൻ അവർക്കു മുന്നിൽ കാണിച്ചുകൊടുത്തു..ദാഹം തീരാവോളം അവര് വെള്ളം കുടിച്ചു.. ഒടുവിൽ അവിടെ തന്നെ കിടന്നു ആ ദിവസം തള്ളി നീക്കി..കണ്ണ് തുറക്കുമ്പോൾ താൻ ഇതുവരെ അനുഭവിക്കാത്ത സ്വാതന്ത്ര്യം അവൻ നേടിക്കഴിഞ്ഞിരുന്നു.. പക്ഷേ പുതിയൊരു പുലരി അവനു മുന്നിൽ കണ്ണ് ചിമ്മുമ്പോൾ തന്റെ ഒപ്പം ഉണ്ടായിരുന്ന ഹമീദിനെ മരുഭൂമി തന്റെ ചിറക്കുകൾക്കിടയിൽ മറച്ചിരുന്നു.. ചുറ്റും ഒരുപാട് നോക്കി.. പക്ഷേ കണ്ടെത്തിയില്ല..
ഒരുപക്ഷേ   അങ്ങനെ ഒരു വ്യക്തി തന്റെ കൂടെ ഉണ്ടായിരുന്നോ? അതോ പടച്ചോൻ തന്നെ ഈ നരകത്തിൽ നിന്ന് കരക്കെയറ്റാൻ അയച്ച ദൂതൻ ആണോ..?ചോദ്യങ്ങൾ ഒരുപാട് ബാക്കി നിർത്തി ആടുജീവിതം മുന്നോട്ടു നീങ്ങുമ്പോൾ ബന്യാമിൻ മരുഭൂമിയുടെ കടൽ കിടന്നിരുന്നു...

തന്റെ ഹക്കീം ഉറങ്ങുന്ന മണ്ണും  തനിക്കു അഭയം  തന്ന  മസറയും കൂട്ടിനു ഉണ്ടായിരുന്ന ആടുകളെയും വിട്ടു ഒരു പുതുജീവിതം വീണ്ടും സ്വപ്നം കണ്ടു ഗൾഫിനോട് യാത്ര പറയുമ്പോൾ തന്റെ ജീവിതം ബാക്കി തന്ന പടച്ചോനോട് ഒന്ന് മാത്രമേ നജീബിന്  പറയാൻ ഉണ്ടായിരുന്നുള്ളു.. നന്ദി! നന്ദി!! ഒരായിരം നന്ദി!!

"ആടുജീവിതം " മുന്നോട്ടു വെക്കുന്നത് വെറും ഒരു കഥ മാത്രം അല്ല..സ്വപ്നം കണ്ട ജീവിതം കെട്ടിപെടുക്കാൻ എല്ലാം മറന്നു സ്വന്തം കുടുംബത്തിന് വേണ്ടി രാവും പകലും എന്നില്ലാതെ മരുഭൂമിയിൽ പൊടിക്കാറ്റും ചുട്ടു പൊള്ളുന്ന ചൂടും സഹിച്ചു ജീവിതം നയിക്കുന്ന ഓരോ മനുഷ്യരെ പറ്റിയുള്ള ഓർമ്മപ്പെടുത്തൽ ആണ്..! ഒപ്പം മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്‍മക്കൾക്കുമുള്ള സമർപ്പണവും..!

ഇനിയുള്ളത് കാത്തിരിപ്പാണ്.. "ആടുജീവിതം" വെള്ളിത്തിരിയിൽ ദൃശ്യാവിഷ്കരിക്കുമ്പോൾ നജീബിന്റെ ആട് ജീവിതം എത്രത്തോളം നടൻ പ്രിഥ്വിരാജും കൂട്ടരും ഭംഗിയായി പുനരാവിഷ്കരിചിരിക്കുന്നു എന്ന് കാണാൻ ഉള്ള കാത്തിരിപ്പ്..!!

| The Real story | The Reality | The Real Life |



Comments