മഹാരാജകീയം - അധ്യായം 1

"കാലം ഇവിടെ ഒഴുകുന്നതേയില്ല... ഇവിടെ വന്നവരാരും തിരിച്ചു പോകുന്നില്ല.. അവർ തിരികെ വീണ്ടും എത്തുന്നു.. മനസ്സിൽ അതെ വികാരത്തോടെ.. അതേ പ്രണയത്തോടെ.. അതേ ഓർമ്മയോടെ.. അതിന്റെ പേരാണ് മഹാരാജാസ്..!!"

കാലം കാത്തുവെച്ച നിധി ആയിരുന്നു ഏവർക്കും മഹാരാജാസ്.. പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ മുല്ലപന്തലും, പിരിയൻഗോവണിയും, വരാന്തയും, സമരമരവുമെല്ലാം മഹാരാജാസിന്റെ മാറ്റ് കൂട്ടുന്നു..!!

2012, ഇത് എന്റെ ഒന്നാം അധ്യാന വർഷം -

സിനിമയും സൗഹൃദവും ഒരുപാട് ഓർമ്മകളും നെഞ്ചിലേറ്റി സ്കൂളിന്റെ പടി ഇറങ്ങുമ്പോൾ ഒരിക്കലും ഞാൻ കരുതിയില്ല കാലം എനിക്ക് കാത്തുവെച്ചത്
അതിലും മനോഹരമായ വസന്തകാലം ആയിരുന്നു എന്ന്..

സ്കൂൾ പഠനം കഴിഞ്ഞു മഹാരാജാസിൽ തന്നെ പഠിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു.. കേട്ടു കേൾവി മാത്രം ഉള്ള ഈ കലാലയം ഒരുപാട് മഹാന്മാരെ സമ്മാനിച്ച ഒരു രാജകീയ കൊട്ടാരം കൂടി ആണെന്ന് എനിക്ക് അറിയാമായിരുന്നു.. മമ്മൂട്ടിയും, സലിംകുമാറും, അമൽ നീരധും, ദിലീപും ഒക്കെ പഠിച്ച ഈ കലാലയത്തിൽ പഠിക്കണം എന്നത് എന്റെ മാത്രമല്ല എല്ലാരുടെയും സ്വപ്നം തന്നെയാണ്.. ഒരു രാജകീയ കലാലയം എന്നതിലുപരി ഒരു "ചുവന്ന ചെങ്കോട്ട " എന്ന പേരിലും മഹാരാജാസ് പ്രശസ്തമായിരുന്നു.. അത് തന്നെ ആയിരുന്നു എന്റെ പേടിയും.. രാഷ്ട്രീയവും റാഗിങ്ങും കലർന്ന ഒരു പേടി സ്വപ്നത്തോടെ ആണ് ഞാൻ ആ മണ്ണിൽ കാലുകുത്തിയത്.. നവാഗതരെ വരവേൽക്കാൻ  ആ കൊട്ടാരം തല ഉയർത്തി നിൽക്കുമ്പോൾ അതിന്റെ ചൂടും ചൂരും അറിഞ്ഞ ഒരു കൂട്ടം സീനിയഴ്സ് നറു പുഞ്ചിരിയോടെ എന്നേം വരവേറ്റു  ആ      
മഹാന്മാരുടെ മണ്ണിലേക്ക്.. സിനിമയിലും മാഗസീനിലും മാത്രം കണ്ടും കേട്ടും പരിചയമുള്ള   ഈ കലാലയത്തെ ഞാൻ ഒരു നിമിഷം അത്ഭുതത്തോടെ നോക്കി നിന്ന്.. ശരിക്കും ഒരു കൊട്ടാരം തന്നെ.. ഇനിയുള്ള എന്റെ മൂന്ന് വർഷക്കാലം ഇവിടെ ജീവിച്ചു തീർക്കണം എന്ന ആഗ്രഹം മനസിലേക്ക് വരേണ്ട താമസം ദേ വരുന്നു ഒരു കൂട്ടം സീനിയേഴ്സ് പരിചയപ്പെടാൻ എന്ന പേരിൽ.. മഹാരാജാസിനെ ഒന്ന് കണ്ണ് തുറന്നു കണ്ടില്ല.. അതിനു മുമ്പേ വന്നു ചുവന്ന കൊടിയും ആയി SFI പാർട്ടി..സ്കൂൾ കാലഘട്ടങ്ങളിൽ നാല് ചുവരിന്റെ ഉള്ളിൽ അമ്പതു പേര് കാൺകേ ടൈയും യൂണിഫോംമും ഇട്ട് സ്റ്റേഡി ആയി നിന്ന് ഒരു ചെറിയ നാണത്തോടെ അധ്യാപികയെയും സുഹൃത്തുക്കളെയും നോക്കി പുഞ്ചിരിച്ചു സ്വയം പരിചയപ്പെടുന്ന രീതി ഒക്കെ മാറി എന്ന് ഓർമിപ്പിച്ചുകൊണ്ട് കാലം കടന്നു പോയത് ഓർത്തില്ല..

ഇത് മഹാരാജാസ് ആണ്.. ഇവിടെ വരുന്നവര് ചുവരിന്റേം ഡെസ്കിന്റേം ചൂട് അറിഞ്ഞാൽ മാത്രം പോരാ.. പ്രണയത്തെ അറിയണം , സൗഹൃദത്തെ അറിയണം,
വിപ്ലവം അറിയണം, ഒപ്പം രക്ത സാക്ഷികളുടെ ചോരയുടെയും ചൂട് അറിയണം..!!

കൊള്ളാലെ.!!? തുടക്കം ഒന്ന് ഭയന്നേലും കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.. പക്ഷേ എന്റെ ചിരിക്ക് അധികം ആയുസ്സ് ഉണ്ടായില്ല.. ആ സമരമരത്തിന്റെ ചുവട്ടിൽ വച്ചു നാലാള് കേൾക്കേ ഉച്ചത്തിൽ സ്വയം പരിചയപ്പെടുത്താൻ പറഞ്ഞു..നാണവും പരിങ്ങലും പേടിയും ഇവിടെ ഏൽക്കില്ല എന്ന പൂർണ ബോധ്യം ഉണ്ടായിരുന്നു.. കൂടുതൽ പണി ഇരന്നു വാങ്ങാതെ ഇരിക്കാൻ പറയേണ്ട താമസം ഞാൻ സ്വയം അങ്ങ് പരിചയപ്പെടുത്തി..
എങ്ങുമില്ലാതെ ഇരുന്ന ആ ഒരു ചെറിയ ധൈര്യം മതി ഇനിയുള്ള ജീവിതം ഇവിടെ ജീവിച്ചു തീർക്കാൻ എന്ന് എനിക്ക് മനസ്സിലായി..ആദ്യ ദിനം പുതുമുഖങ്ങളെ പരിചയപ്പെടൽ തന്നെയായിരുന്നു.. എന്തെന്നോ എവിടെയെന്നോ അറിയാതെ കറങ്ങി നടക്കുമ്പോൾ ആണ് ഒരു വെള്ളയും വെള്ളയും ഇട്ട ഒരു ചേച്ചി എന്നെ വിളിക്കുന്നത്.. ഈ വെള്ളയും വെള്ളയും എന്ന് പറയുന്നത് അവരുടെ നേവി യൂണിഫോം ആയിരുന്നു.. അവിടുത്തെ ഒരു സീനിയർ സ്റ്റുഡന്റ് തന്നെ.. ആദ്യ ദിനത്തിൽ ആദ്യമായി പരിചയപ്പെട്ടത് ആ ചേച്ചീനെ തന്നെ.. പേര് ശാന്തികൃഷ്ണ.. ചേച്ചി തന്നെ എനിക്ക്  ഗൈഡ് തന്നു.. പിന്നീട് അങ്ങോട്ടുള്ള ഒരു മൂന്നു വർഷം ആദ്യമായി പരിചയപ്പെട്ടാ ആ ചേച്ചീടെ മുഖം എവിടെ കണ്ടാലും ആദ്യ ദിനം ഓർമ്മ വരും..

നവാഗതർക്കുള്ള സ്വീകരണവും പരിചയപ്പെടലും ആയി ആദ്യ ദിനം ആ വഴിക്കങ്ങു പോയി.. തുടക്കക്കാർക്കുള്ള എല്ലാവിധ പേടിയും നാണവും എനിക്കും ഉണ്ടായിരുന്നു..

ഇവിടെ ഞാൻ പഠിച്ചത് ഫിലോസഫി ആയിരുന്നു..എന്നാൽ എന്താണ് ഫിലോസഫി എന്ന് ഇന്നും ആരേലും എന്നോട് ചോദിച്ചാൽ എന്റെ ഉത്തരം അറിയില്ല എന്ന് തന്നെയാ.. ഇരുട്ടത് ഒരു കറുത്ത പൂച്ചയെ തപ്പിപ്പിടിക്കാൻ നമുക്ക്
പറ്റുമോ? ഉത്തരം ഉണ്ടാകില്ല.. കാരണം അങ്ങനെ ഒരു ജീവി ആ ഇരുട്ടത് ഉണ്ടാകുമെന്നു ഉറപ്പ് പറയാൻ പറ്റില്ല.. ചിലപ്പോൾ ഉണ്ടാകും.. ചിലപ്പോൾ ഉണ്ടാകില്ല.. അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ആണ് ഫിലോസഫി..!! ശരിക്കും എനിക്കും അറിയില്ല എന്താണ് ഫിലോസഫി എന്ന് .. എന്താണ് ഞാൻ ഫിലോസഫിയിൽ പഠിച്ചത് ? അതും അറിയില്ല.. പക്ഷേ, ഞാൻ എന്ത് പഠിച്ചു എന്നതിൽ അല്ലായിരുന്നു എനിക്ക് അഭിമാനം.. മറിച്ചു ഞാൻ എവിടെ പഠിച്ചു എന്നതിൽ ആയിരുന്നു എനിക്ക് അഭിമാനം..!! പലരും പറഞ്ഞിട്ടുണ്ട് ഫിലോസഫി സെമിനാരിയിൽ പഠിപ്പിക്കുന്ന വിഷയം അല്ലെ.. പള്ളിയിലെ അച്ഛന്മാര് പഠിക്കുന്ന വിഷയം അല്ലേന്ന് .. പലരുടെയും ശാസനകളും അഭിപ്രായഭിന്നതകളും എന്റെ ചെവിയിക്ക് ചുറ്റും തേനീച്ചക്കൂട്ടം
പോലെ മൂളിപ്പറന്നുകൊണ്ടിരുന്നു..!! മറ്റുള്ളവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും അടിയറവ് വെയ്‌ക്കേണ്ട ആവശ്യമില്ലെന്നു എന്റെ മനസ്സ് എന്നെ ഓർമ്മപ്പെടുത്തി.. "നമ്മുടെ മനസ്സ് എന്ത് പറയുന്നോ അത് ചെയ്യുക" എന്ന് നമ്മുടെ പ്രിയപ്പെട്ട നിവിൻ പോളി പോലും ഏതോരു  കോളേജിന്റെ സ്റ്റേജിൽ പ്രസംഗിക്കുകയുണ്ടായി..!!

മഹാരാജാസ് എന്നത് വെറുമൊരു കലാലയം മാത്രമല്ല.. അതൊരു വികാരവും ലഹരിയുംകൂടി ആണെന്ന് തിരിച്ചറിയാൻ എനിക്ക് അധികക്കാലം വേണ്ടിവന്നില്ല.. എനിക്കും ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായി.. പല മതസ്തരിൽ നിന്ന് പല സാംസ്‌ക്കാരത്തിൽ നിന്ന് വന്നവർ.. വെളുപ്പെന്നോ കറുപ്പെന്നോ വേർതിരിവില്ലാതെ..സ്വന്തം പാത്രത്തിൽ  മാത്രമല്ല മറ്റുള്ളവരുടെ പാത്രത്തിലും കൈയിടാൻ സ്വാതന്ത്ര്യം തന്ന ഒരുപാട് നല്ല സുഹൃത്തുക്കൾ.. ചങ്ക് പറിച്ച് തന്നില്ലേലും ഒരു കരണത്ത് അടിച്ചാൽ മറ്റേ കരണം കൂടി അടിക്കാൻ നീട്ടി തരുന്നവർ..!!! അങ്ങനെ പയ്യെ പയ്യെ മഹാരാജാസിന്റെ ചൂടും ചൂരും അറിഞ്ഞുതുടങ്ങി.. കാലം മായിക്കാത്ത എന്തോ ഒന്ന്  ആ കൊട്ടാരത്തിലെ  ഓരോ ചുവരിലും ഉണ്ടായിരുന്നു.. വർഷങ്ങളുടെ പഴക്കമുള്ള ആ കലാലയവും അവിടുത്തെ പിരിയൻ ഗോവിണിയും,ക്ലാസ്സ്‌മുറിയിൽ തട്ടുപോലെ മുകളിലേക്കു പണിത് വെച്ചേക്കുന്ന ഇരിപ്പടവും ഡെസ്‌ക്കും, മുത്തശ്ശിമരവും, സമരമരവും, എല്ലാറ്റിന്റേം നടുവിൽ നെഞ്ചുവിരിച്ചു കാവൽ നില്ക്കുന്ന മാലാഖകുളവും, മുല്ലപ്പന്തലും എല്ലാം മഹാരാജാസിന്റെ മനോഹാരിത ഉയർത്തുന്നു..അവിടെ വീശിയിരുന്ന ഓരോ കാറ്റിനും വിപ്ലവത്തിന്റേയും പ്രണയത്തിന്റേം ഗന്ധമുണ്ടായിരുന്നു.. കാലങ്ങളായി പൂർവികര് കാത്തുവെച്ചിരുന്ന പല നിധികളും ഇന്നും മഹാരാജാസ് അതേ പുതുമയോടെ കാത്തുസൂക്ഷിക്കുന്നു.. ഇനിയും വരുംതലമുറയ്ക്കു വേണ്ടി.. ആ നിധി ഒരിക്കലും വിലമതിക്കുന്ന ആഭരണങ്ങൾ ആയിരുന്നില്ല.. മറിച്ച് ത്രാസുകൊണ്ട് അളന്നാലും തീരാത്തത്ര സൗഹൃദങ്ങൾ, ഓർമ്മകൾ, പ്രതീക്ഷകൾ, പ്രണയങ്ങൾ, എല്ലാറ്റിനും ഉപരിയായി നല്ല അധ്യാപകർ എന്നിവയായിരുന്നു ഈ കലാലയം 
കാത്തുവെച്ചിരുന്ന നിധികൾ..! മഹാരാജാസിന്റെ സ്വത്ത്..!

"കാലം മാറുന്തോറും കോലം മാറും" എന്ന പഴമൊഴി  മുട്ടുമടക്കുന്നത് ഒരുപക്ഷേ മഹാരാജാസിന്റെ മുന്നിൽ മാത്രം ആയിരിക്കും..! കാലം എത്ര മാറിയാലും ഈ രാജാകീയകൊട്ടാരം 
എന്നും അതേ പഴമയോടെ, സൗഹൃദത്തിൽ എന്നും പുതുമയോടെ തന്നെ നിവർന്നു നിൽക്കും..

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.. വസന്തകാലത്തിന്റെ പ്രതീകമായ ഓണവും ക്രിസ്മസും ഹോളിയും എല്ലാം കൂട്ടുകാരുടെ കൂടെ ഞാൻ അടിച്ചുപൊളിച്ചു..എന്തിന്,
മഹാരാജാസിലെ ഓരോ സമരങ്ങൾ പോലും ഞങ്ങൾ ആഘോഷിച്ചു..! പാർട്ടിക്കാർക്ക് സമരങ്ങൾ ഒരു വികാരവും പ്രതിഷേധവും ആയിരുന്നേൽ ഇതിൽ ഒന്നും പെടാത്ത ഞങ്ങൾക്ക് അത് ആഘോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു.. പാർട്ടികാര് കൊടിയും മുദ്രവാക്യങ്ങളും ആയി സമരം പ്രഖ്യാപിച്ചു പ്രതിഷേധിക്കുമ്പോൾ ഞങ്ങൾ ബാഗും എടുത്ത് ക്യാന്റീനിൽ  പോയി ചായയും ഒരു കടിയും കഴിച്ചു നേരെ മറൈൻ ഡ്രൈവോ അല്ലേൽ കവിത തീയേറ്ററിലോ അല്ലേൽ പത്മ തിയേറ്ററിൽ പോയോ ഞങ്ങൾ  സമരത്തിനോടുള്ള യോജിപ്പ് രേഖപ്പെടുത്തും..!!!!!!! അന്നത്തെ ഞങ്ങളുടെ സന്തോഷം 
നിറഞ്ഞ നിമിഷങ്ങളും ഓർമ്മകളും എല്ലാം അതായിരുന്നു..

മഹാരാജാസിന്റെ മഹാത്മീയത്തെപ്പറ്റി 
വർണിക്കുമ്പോളും വിട്ടു പോകുന്നത് ഒരുപറ്റം നല്ല അധ്യാപകരെ ആണ്.. എന്നും അഭിമാനിക്കാവുന്ന ഒരുപറ്റം നല്ല അധ്യാപകര്..!! കാലം കാത്തുവെച്ചിരുന്ന മറ്റൊരു നിധി..വിദ്യാഭ്യാസം കൊണ്ട് മാത്രം അല്ല..സംസ്ക്കാരം കൊണ്ടും അറിവുകൊണ്ടും മഹാരാജാസിന് കിട്ടിയ ഒന്നിനും പകരം വയ്ക്കാനില്ലാത്ത ഒരുപാട് അധ്യാപകര്..ഞങ്ങളിൽ ഒരാള് 
തന്നെയായിരുന്നു അവര്.. പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ എന്നോ പൂർവവിദ്യാർത്ഥികൾ എന്നോ വേർതിരിവില്ലാതെ എല്ലാരേം കണ്ടാൽ തോളത്ത് കൈയ്യിട്ട് "എന്തൊക്കെ ഉണ്ടട" എന്ന് ചോദിക്കുന്ന അധ്യാപകര്.. കലാലയജീവിതം കഴിഞ്ഞു പടിയിറങ്ങുമ്പോളും ഇന്നും ഒരുപാട് മിസ്സ്‌ ചെയുന്നവരിൽ എന്റെ പ്രിയപ്പെട്ട അധ്യാപകരും ഉണ്ട്‌..

എന്റെ ആദ്യ അധ്യാന വർഷത്തെ പറ്റി ഇനിയും വിവരിക്കാൻ ഒന്നല്ല ഒരുപാടുണ്ട്..ഒരു അർത്ഥത്തിൽ 
പറഞ്ഞാൽ "വിവരിക്കുക" എന്ന വാക്കിലുപരി, "വർണ്ണിക്കുക" എന്നതായിരിക്കും കൂടുതൽ ശരി..!!
ഒരുപക്ഷേ , മഹാരാജാസിനെപ്പറ്റി "വിവരിക്കാൻ" കൂടുതൽ "വർണ്ണിക്കാൻ" ആയിരിക്കും ഉണ്ടാകുക..! ഫേസ്ബുക്കിൽ സ്വന്തം സർനേമിൽ (sirname) നിന്ന് അച്ഛന്റെ പേര് മാറ്റി "മഹാരാജാസ്" എന്നിട്ട ഒരുപാട് പേരെ എനിക്കറിയാം..അവരൊക്കെ എന്തുകൊണ്ട് അങ്ങനെ ഇട്ടു എന്നതിൽ ആശ്ചര്യമില്ല..വെറും ഒരു ഫേസ്ബുക്ക്
പ്രൊഫൈലിൽ ആണേൽ പോലും സ്വന്തം പേരിൽ നിന്ന്  അപ്പന്റെ പേര് മാറ്റി ഒരു കലാലയത്തിന്റെ പേരിടണേൽ  അതിൽ അവന്റെ അഭിമാനത്തിന്റെ തോത് എത്രത്തോളം ഉണ്ടെന്നു വ്യക്തമാണ്..!

എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല..!! ആരംഭിച്ചിട്ടേയുള്ളു..!! മഹാരാജാസിന് പറയാൻ ഇനിയും കഥകൾ ഏറെ..!!


Comments